കറുപ്പും വെളുപ്പും

മാ.പ്ര.

കേരളത്തിലെ ഒരു "പ്രമുഖ" ചാനലിലെ ഒരു റിപ്പോർട്ടറും, കാമറാമാനും, ഡ്റൈവറും അത്യാവശ്യമെങ്കില്‍ അരിവെപ്പുകാരനുമാകുന്ന എന്‍റെ അയൽവാസി കശ്മലകുമാർ, എന്‍റെ അയല്‍വാസി, വലിയ തിരക്കിലായിരുന്നു. ഇലക്ഷൻ പ്രചരണത്തിൻെറ ഭാഗമായിട്ട് സ്ഥാനാർത്ഥികൾക്കൊപ്പം കാമറയും തൂക്കി നെട്ടോട്ടമായിരുന്നു. (‘പ്രമുഖ’ എന്ന പദം യോഗ്യത നോക്കാതെ വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപയോഗിക്കുന്നത് ഇന്ന് എല്ലാ ടിവി ചാനലുകാരുടെയും ഒരു ഫാഷനാണ്. വായനക്കാർ ക്ഷമിക്കുക.)

ഇലക്ഷൻ കഴിഞ്ഞു ഇടക്കുവീണുകിട്ടിയ ഒരിടവേളയിലാണ് ഞാൻ കശ്മലനെ നേരിട്ട് കാണുന്നത്. വല്ലപ്പോഴും നാട്ടിലേതെങ്കിലും തെരവോരത്തുനിന്നു ലോറികയറി സിദ്ധികൂടിയ മാക്കാച്ചിതവളയുടെ നിര്യാണവാർത്ത പ്രേക്ഷകരിലേക്കെത്തിക്കുന്ന സമയത്തല്ലാതെ കശ്മലനെ നേരിട്ടു കാണുന്നത് വിരളം.

"എന്തൊക്കയുണ്ട് വിശേഷം? ഇയാളുടെ വാർത്തകളൊക്കെ ടിവിയിൽ കാണാറുണ്ട്. ആരായിരിക്കും കേരളത്തിലെ മുഖ്യമന്ത്രി? പൊതുജനത്തിൻെറ പൾസൊക്കെ നിങ്ങൾ മാധ്യമപ്രവർത്തകർക്കല്ലെ അറിയൂ." ഞാൻ കുശലം ചോദിച്ചു.

"പൊതുജനം കഴുതയാണ് സാറെ.” കശ്മലൻ പറഞ്ഞു. “ഒരെണ്ണത്തിനു പ്രതികരണശേഷിയില്ല.”

”അതെന്താ?”

"ഞങ്ങൾ ഇന്ന ടിവി ചാനലിൽ നിന്നാണെന്നു പറയുമ്പോൾ തന്നെ ജനം മറുചോദ്യം ചോദിക്കും: ഏതു പാർട്ടിക്കാരുടെ ചാനലാണെന്ന്. അതറിഞ്ഞേ അവർ അഭിപ്രായം പറയൂ.”

"ഓഹോ. നിങ്ങൾ 'ടിവി'യില്‍ കാണിക്കുന്നത് ഞങ്ങൾ പ്രേക്ഷകർ വിശ്വസിക്കുന്നു. ജയിച്ച സ്ഥാനാർത്ഥികളെല്ലാവരും തികഞ്ഞ ആത്മവിശ്വാസത്തിലാണല്ലൊ. പലരും മുഖ്യമന്ത്രിയാകുമ്പോൾ ധരിക്കാനുള്ള ഷർട്ട് വരെ തയ്പ്പിച്ചുവച്ചിട്ടുണ്ടെന്നാണു കേട്ടത്. ശരിയാണോ?” ഞാൻ കശ്മലനോടു തിരക്കി.

"സാറു പറഞ്ഞത് ശരിയാണ്. പക്ഷേ ചാനലുകാരു കാണിക്കുന്നതൊക്കെ ശരിയാണെന്നു കരുതേണ്ട. ചാനൽ മുതലാളിമാർ പറയുന്നതും വിശ്വസിക്കുന്നതും മാത്രമേ ഒരു മാധ്യമപ്രവർത്തകനായ ഈ ഞാൻ പോലും പ്രേക്ഷകരെ കാണിക്കൂ. ഇതൊക്കെ ഞങ്ങളുടെ ട്രേഡ് സീക്രട്ടല്ലെ സാറെ.”

പേരുകൊണ്ട് കശ്മലനെങ്കിലും ഏൻെറ സുഹ്രുത്ത് പറഞ്ഞതിൽ കഴമ്പുണ്ടെന്നു മനസ്സിലായി. ഏതായാലും വിദ്വാൻ പോകുന്നതിനു മുൻപ് ഞാനൊന്നുകൂടി ചോദിച്ചു:

"ഇന്നാളൊരു മുഖ്യൻ നിങ്ങൾ മാധ്യമപ്രവർത്തകരെ മുറിയിൽ നിന്നാട്ടി പുറത്താക്കിയപ്പോൾ നിങ്ങളുടെ ചാനൽ മുതലാളിമാരെവിടെയായിരുന്നു? എന്തുകൊണ്ട് നിങ്ങൾ തുടർന്ന് മന്ത്രിമാരുടെ പത്രസമ്മേളനങ്ങൾ ബോയ്ക്കോട്ട് ചെയ്തില്ല.”

"ജനാധിപധ്യത്തിൽ മാധ്യമങ്ങൾക്ക് വിലക്കില്ലെന്നു പൊതുജനത്തിനല്ലെ അറിയൂ. മുഖ്യനോ, മന്ത്രിമാർക്കോ, മറ്റ് സർക്കാർ ജീവനക്കാർക്കൊ ഈ സത്യം അറിയണമെന്നില്ലല്ലൊ. എന്തുകൊണ്ടാണു മന്ത്രിമാരുടെ പത്രസമ്മേളനങ്ങൾ ഒഴിവാക്കരുതെന്നു ചാനൽമുതലാളിമാർ നിർബന്ധിക്കുന്നത് എന്നറിയാമോ, സർക്കാർ വക പരസ്യങ്ങള്‍ കിട്ടണമെങ്കില്‍ മന്ത്രിമാരുടെ മോന്ത കാണിച്ചേ പറ്റൂ.”

"ഇനി എന്നാണാവോ പുതിയ മന്ത്രിമാരുടെ മോന്ത കാണിക്കാൻ പോകുന്നത്?”

"അതറിയില്ല സാറെ. കണ്ടുപഴകിയ ആരെങ്കിലുമായിരിക്കും പുതിയ മന്ത്രിമാർ.”

Advertisement